ഒരിക്കൽ നീ വന്നു വിളിക്കുമെന്നു ഞാൻ
തനിച്ചിരിക്കുമ്പോൾ നിനച്ചു പോയിടും
നന്ദ്യാർവട്ടമേ നിന്നെ ചുവപ്പിച്ച
ചുടുനിണം എൻ കിനാവായിരുന്നില്ലയോ..
നിറഞ്ഞ കുംഭത്തിൻ വക്കുപൊട്ടി
തെളിനീരെണ്ണ തറയിൽ പരക്കവേ
കണ്ണുനീർ മെഴുക്കു തുടയ്ക്കുവാനാവാതെ
തളർന്നൊരമ്മ മിഴിപൂട്ടി നിൽക്കവേ
ഇരുണ്ട മുറിയിലെ വരണ്ട മൂലയിൽ
കാർമേഘവർണൻ രാധയെ ഊട്ടവേ
നനഞ്ഞ പുതപ്പിൽ മുഖം മൂടിയമ്മ തൻ
കണ്ണനെ കാണാതെ കണ്ണുനീർ വാർക്കവേ
പണ്ടൊരാ സന്ധ്യയിൽ മനസിന്റെ ചില്ലയിൽ
വിടർന്നു വന്നാ മലർ കുസുമം
പിന്നവൾ തൻ കിനാവിലൊക്കെയും
നന്ദ്യാർവട്ടം നറു ചിരിയാർന്നു നിന്നു.
തൻ പൂമകൾക്കായി കിന്നരിത്തൊപ്പിയും
അരക്കു കെട്ടുവാൻ പൊന്നും കിലുക്കവും
കുറുക്കു കൂട്ടവും കിങ്ങിണി കൊഞ്ചലും
ഒരുക്കി വെച്ചമ്മ കൈകൂപ്പി നിൽക്കുന്നു
കറുത്ത കാലത്തിൻ കപടത്തമോർക്കണേ
വെളുപ്പിനെ അത് കരിപൂശി നിന്നതാ
കൊതിച്ചു നോക്കി ഇരുന്ന പൂക്കാലം
ഇടയ്കെവിടേക്കോ മാറിപ്പറന്നു പോയി
പുറത്തു യൂദാസിൻ കോഴി കരഞ്ഞുവോ
അടുത്ത വീട്ടിലെ നായ തൻ ഓരിയോ
കരച്ചിലൊച്ചയിൽ പതുങ്ങി നിൽക്കുന്ന
മിടുക്കനായൊരു മാർജാരനാകുമോ
പൊടുന്നെനെ വന്ന കൊള്ളിയാൻ മിന്നലിൽ
ഉറച്ചുകരയരുതെന്നോതി അവർ നിന്നുടെ
കിളുന്നു വാ പൊത്തി തിമിർത്തു പെയ്യവേ
തകർന്ന നെഞ്ചമായി അമ്മതൻ കണ്മുന്നിൽ
മകളെ നിനക്കായി മെനഞ്ഞ കൂടാരം
ഒടിഞ്ഞു വീണിതാ.. തകർന്നു പോയതാ...
നിനക്കായ് പെറുക്കിയ മഞ്ചാടിമണികളും'
അടുക്കി വെച്ചൊരാ കുഞ്ഞു കൗതുകങ്ങളും
വെളുത്ത പെട്ടിയിൽ കറുത്ത പട്ടിട്ടു
അടക്കിനേനമ്മ പുറത്തുകാണാതെ
കറുത്ത രാത്രികൾ കടന്നു പോകിലും
വെളുത്ത പകൽ വീണ്ടും ജലത്തിലാകിലും
ആകത്തിരുട്ടിലും തിളങ്ങി നിൽക്കുന്ന
വിളക്കു മാത്രം അണയ്ക്കുകില്ല ഞാൻ
എങ്കിലും....
ചോരതുള്ളിയായി
ഇറ്റിറ്റു വീഴുന്ന
നിന്നെ ഇങ്ങനെ കാണുന്നതാണ്
മകളേ..
അസഹ്യ നൊമ്പരം .















