ത്രിജട

| Wednesday, June 13, 2012
{രാമായണത്തിലെ ഏറ്റവും പ്രസക്തയായ കഥാപാത്രമാണ് ത്രിജട. രാവണന്‍ സീതയെ ശിംശിപാ വൃക്ഷച്ചുവട്ടില്‍ ത്രിജടയെ  ഏല്‍പ്പിച്ചിട്ടാണ് പോയത്. സീതയെ ആശ്വസിപ്പിച്ചതും രാമന്റെ വരവിനായി ആഗ്രഹിച്ചതും ത്രിജട ആയിരുന്നു. രാമായണത്തില്‍ അധികമായി ഇവരെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല.}


സീതേ..കണ്ണീര്‍ തുടക്കുക...
അയോനിജേ..വിധിയെ തടുക്കുക...
രാമന്റെ ക്രോധാഗ്നിയിലമര്‍ന്ന ലങ്കാപുരി
ദീനരോധിതയായ് വിറകോള്ളുന്നിതാ..
കറുത്ത മേഘങ്ങളിലൂടെ, തെന്നിപ്പറക്കുന്ന
ഖഗശ്രേഷ്ഠ നയനത്തിലൂടെ,
രണാങ്കണത്തില്‍ തിളച്ചുമറിയുന്ന
ചുടുനിണ സാഗരം പതഞ്ഞു പോങ്ങുന്നിതാ ..

അസ്ത്രശസ്ത്രങ്ങള്‍ തന്‍ ഗര്‍ജ്ജനത്താലീ-
ദിക്കെട്ടുമുച്ചേ പിടക്കുന്നിതാ..
മാറാല മൂടിയ ക്രോധാലയങ്ങളില്‍
പേടിച്ച കാര്‍വണ്ട്‌  മുരണ്ടു മുരണ്ടു-
കാര്‍ക്കോടകന്റെ കഴുത്തിനു ചുറ്റി-
പിടഞ്ഞു മുറിഞ്ഞു മരിക്കുന്നിതാ...
പാനപാത്രത്തിലെ സുര മോന്തി മോന്തി
ഉറങ്ങിക്കിടന്നോരു കുംഭകര്‍ണ്ണാരവം,
രാമബാണത്താല്‍  മുറിഞ്ഞ ശിരസ്സായ്
ലങ്കേശ്വരന്റെ കാല്‍ക്കല്‍ തറഞ്ഞിതാ...

ഇടിവെട്ടിടും പോലെ കിലു കിലേ  ചിരിച്ചവന്‍
ആപത്തിനോപ്പം പകിട കളിച്ചവന്‍
ലോകത്തെ മൊത്തം അടക്കി ഭരിച്ചവന്‍
ഇന്ദ്രനെ വെന്നവന്‍ ഇന്ദ്രജിത്ത്;
ലക്ഷ്മണന്‍ തന്നുടെ ക്രോധസ്ത്രപാത്രനായ്
ബോധരഹിതനായ് മരിച്ചുകഴിഞ്ഞിതാ..

സീതേ...രാമരാവണ യുദ്ധം നടക്കുന്നു.
അമലേ...അവനിയില്‍ നന്മ ജയിക്കുന്നു.
ഇരുണ്ട ചക്രവാളങ്ങളില്‍ വെളിച്ചം പരക്കുന്നു
തിന്മയുടെ മൂടുപടം വലിച്ചു കീറിടുന്നു 
മരണമൊരു മന്തമാരുതനായിതാ
അടവിയിലൂടൊഴുകിയണയുന്നു .
രാവണദേഹം വിട്ടൊഴിഞ്ഞ ജീവാത്മാവിതാ 
ആകാശമാര്‍ഗേ പറന്നുയരുന്നു ...

കാരിരുമ്പിന്റെ ഹൃദയത്തനുടമയാം
രാക്ഷസന്റെ  മദത്തെ ഒടുക്കിയ,
സീതയെ ഇണക്കുവാന്‍ നിയുക്തയായോരു   
മാദക റാണിയാം ത്രിജടയാണ് ഞാന്‍ .

കാല്‍ത്തള മെല്ലെ ഇളകുന്ന കേള്‍ക്കുമ്പോള്‍
പൂജിതയായ നിന്‍ ദീനവിലാപങ്ങള്‍
കണ്ടവളാണ് ഞാന്‍-
നിന്നുടെ വേദന...നിന്നുടെ രോഷം...
നിന്നുടെ പതിപ്രേമം..
നിന്റെ വ്രതശുദ്ധി...ആ പാതിവ്രത്യമഹിമ
കേട്ടവളാണ് ഞാന്‍-
നിന്റെ രാമമന്ത്രധ്വനി..
മാതേ ..വിലപമിനി വേണ്ടാ
രാമസവിധത്തിലെത്താന്‍ ഇനി നാഴികകള്‍ മാത്രം .

ലങ്ക തകര്‍ന്നു തരിപ്പണമായിതാ   
ശവമഞ്ചങ്ങളുടെ ഖോഷയാത്ര തുടങ്ങിയോ?
എന്നുടെ പതിയുടെ ഉദകക്രിയക്കെന്റെ 
മകനെ തിരഞ്ഞു വന്നവളാണ് ഞാന്‍.
രാമഹസ്തത്താല്‍ അവനും മരിച്ചു പോല്‍  
ക്രൂരനാം രാവണ വാക്യം ശ്രവിച്ചതാല്‍.

ആരുമില്ലാത്തവള്‍  ..ഈ ത്രിജട.

നാഥനില്ലതവള്‍ ... ഈ ത്രിജട 
വൈധവ്യം..പുത്രവിയോഗം
അസഹനീയം മഹാമതെ ..

0 comments:

Post a Comment

 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine