കച്ചവടത്തിന്റെ ഭക്തിരസം

2
| Monday, November 18, 2013
ആദികാലം മുതല്‌ക്കെ മനുഷ്യന്റെ വിശ്വാസങ്ങള്‍ ഭക്തിയില്‍ അധിഷ്ഠിതമായിരുന്നു. നാനത്വത്തില്‍ ഏകത്വമെന്ന മതം ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതസംസ്‌ക്കാരത്തില്‍ ഭക്തിക്കുള്ള സ്ഥാനം തള്ളിക്കളയാവുന്നതല്ല. ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും തങ്ങളുടെ വിശ്വാസത്തില്‍ ജീവിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശം നമ്മളുടെ ഭരണഘടന അനുവദിച്ചിട്ടുണ്ട്ണ്ട എന്നാല്‍ ഇന്ന് 'ഭക്തി', 'വിശ്വാസം' തുടങ്ങിയ വാക്കുകള്‍ കച്ചവടവത്കരണത്തിന് ഇരയാവുകയും,തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുകയാണ്.

മനുഷ്യനെ അധര്‍മ്മത്തിന്റെ പാതയില്‍ നിന്നും നന്മയിലേക്ക് നടത്താന്‍ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പുരാണകഥകള്‍. ഹൈന്ദവരുടെ സന്ധ്യക്കുള്ള നാമജപവും, ക്രിസ്തീയരുടെ കുര്‍ബാനകളും, മുസല്‍മാന്റെ റമദാന്‍ നോമ്പും എല്ലാം ഓരോ പുരാണകഥയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. കഥകളെ കഥകളായി കാണാതെ അതിനെ വിശ്വസിക്കാനാണ് നമ്മളില്‍ പലര്‍ക്കും ഇഷ്ടം. എത്ര മുതിര്‍ന്നാലും മനുഷ്യനിന്നും കഥകളിഷ്ടമാണ്.കഥകളുടെ ഉറവിടങ്ങളായിരുന്നു നമ്മളുടെ മുത്തശ്ശിമാര്‍. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് മടിയില്‍ കിടത്തി കഥകള്‍ പറഞ്ഞു കൊടുക്കാന്‍ മുത്തശ്ശിമാരില്ല. ആ കുറവ് നികത്തുന്നത് മാധ്യമങ്ങളാണ്. ചരിത്രാധീത കഥകളും പുരാണകഥകളും യഥേഷ്ടം അവ നമുക്ക് മുന്നിലെത്തിക്കുന്നു. വേളാങ്കണ്ണി മാതാവും, അല്‍ഫോണ്‍സ്സാമ്മയും, സ്വാമി അയ്യപ്പനും, കടമറ്റത്തു കത്തനാരും തുടങ്ങി കായംകുളം കൊച്ചുണ്ണി വരെ നീണ്ട ഒരു പട്ടിക നമുക്ക് മുന്നിലുണ്ടണ്ട്.

ഭക്തിയെ കച്ചവടം ചെയ്ത് ചാനലുകള്‍ പുഷ്ടിപ്പെട്ടു. പുരാണ കഥയെന്ന പേരില്‍ വീട്ടിലെ സ്വീകരണ മുറിയിലെത്തിയ രംഗങ്ങള്‍ കണ്ട മുതിര്‍ന്നവര്‍ അമ്പരന്നു. കേട്ടുകേഴ്‌വി പോലുമില്ലാത്ത കഥകള്‍. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ അവരും പതുക്കെ അത് വിശ്വസിക്കാന്‍ തുടങ്ങി.ഹിന്ദി ചാനലുകളില്‍ നിന്നും മൊഴിമാറ്റിയെത്തിയ 'കൈലാസനാഥന്‍' എന്ന പരമ്പര കാണാതെ ഉറങ്ങാന്‍ കൂട്ടാക്കാത്ത കുട്ടികളും മുതിര്‍ന്നവരും ഇന്നിവിടെ അനേകമാണ്.

മൊഴിമാറ്റിയെത്തിയ ഇത്തരം പരമ്പരളോട് മലയാളിക്കുള്ള ഇഷ്ടത്തിന് ഒന്നര ദശാബ്ദത്തിലേറെ പഴക്കമുണ്ടണ്ട്. ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലത്തിറങ്ങിയ ' ഓം നമ ശിവായ', 'ജയ് ശ്രീ കൃഷ്ണ', തുടങ്ങിയ പരമ്പരകള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വമുള്ള ഓര്‍മ്മയായി അവശേഷിക്കുന്നത് അവന്റെ മനസ്സില്‍ ഉറച്ചു പോയ വിശ്വാസങ്ങള്‍ കാരണമാണ്. എന്നാല്‍ വസ്തുതാ വിരുദ്ധങ്ങളായി റേറ്റിംഗ് കൂട്ടാന്‍ വേണ്ടി മാത്രം മെനഞ്ഞെടുത്ത കഥകളും മറ്റും അന്ധമായി വിശ്വസിക്കുന്ന പ്രേക്ഷകരുടെ എണ്ണവും നിസ്സാരമല്ല. ദൈവത്തിന്റെ പേരില്‍ പോലും തിരിമറി നടത്തുന്ന പരമ്പര നിര്‍മാതാക്കളും സംവിധായകരും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടത്തുന്ന കച്ചവടത്തില്‍ നമ്മളും അങ്ങനെ ഭാഗഭാക്കാകുന്നു.

നമുക്ക് കിട്ടിയ മുലപ്പാലില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയാണ് നമ്മളുടെ വിശ്വാസങ്ങള്‍. ഇതേ സംസ്‌കാരത്തിന്റെ ശോഷണമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നതും. അത് മനസ്സിലാക്കുന്ന അവന്‍ വീണ്ടണ്ടും ഭക്തിയിലേക്ക് എത്തി കൊണ്ടണ്ടിരിക്കുന്നു. നമ്മളുടെ ആരാധനാലയങ്ങളില്‍ ഓരോ വര്‍ഷവും എത്തുന്ന ഭക്തജനങ്ങളുടെ വര്‍ദ്ധന ചൂണ്ടണ്ടിക്കാണിക്കുന്നത് ഇതിലേയ്ക്കാണ്. എന്നാല്‍ കേട്ടറിവുകളിലൂടെ മാത്രം ഒരു തലമുറ കൈമാറിയ മൂല്യങ്ങള്‍ പലതും ഇന്നത്തെ ഭക്തിപരമ്പരകളിലൂടെ പുതുതലമുറക്ക് ലഭിക്കുന്നുണ്ടേണ്ടാ എന്നതില്‍ സംശയമാണ്.



എന്‍റെ കാബൂളിവാലയ്ക്ക്

0
| Sunday, November 10, 2013

തിരുവോണദിനം. 
ഉച്ചക്ക് എല്ലാവരും സദ്യ കഴിക്കാനായി ഇലയിട്ടപ്പോൾ മുറ്റത്തൊരു പ്രായം ചെന്ന മനുഷ്യൻ വന്നു. നീട്ടിവളർത്തിയ താടിയും ആകെ മുഷിഞ്ഞ വേഷവുമുള്ള ഓരാൾ . ഒരു കാബൂളിവാല ...

ഞാൻ അയാളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു, സ്നേഹപൂർവ്വം അദ്ദേഹം അതിനു സമ്മതിച്ചു.
അധികം വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഉള്ളതിന്റെ ഒരു പങ്ക് ഞാൻ അയാള്ക്ക് വിളമ്പി.
ഓരോ പിടി ചോരുരുട്ടുമ്പോളും അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.
പരിപ്പും,സാമ്പാറും,പുളിശ്ശേരിയും, പായസവും മറ്റും ഞാൻ വിളമ്പി കൊടുത്തപോൾ സന്തോഷം കൊണ്ടാകാം, അയാൾ കരഞ്ഞുകൊണ്ടെ ഇരുന്നു.

ഞാനയാളോട് ഇവിടെ പുതിയ വീട്ടിലെ ആദ്യത്തെ ഓണമാനെന്നും, ആദ്യ ഓണസദ്യ അങ്കിൾനു തരാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും പറഞ്ഞപ്പോൾ ആ മനുഷ്യൻ പറഞ്ഞു അടുത്ത കൊല്ലം ഓണസദ്യ ഉണ്ണാൻ 3-4 ആളുകൾ കൂടി കാണും,പക്ഷെ അതാരോക്കെ ആകുമെന്ന് പറയാൻ പറ്റില്ല എന്ന്.

ഞാൻ അയാളോട് വീട് എവിടാ എന്ന് ചോദിച്ചപോൾ മാവേലികരയിലെ ഏതോ ഭരതൻ പിള്ളയുടെ ഇളയ മകനാണെന്ന് പറഞ്ഞു.
കൂടുതൽ എന്തെങ്കിലും ഞാൻ ചോദിക്കും മുന്നേ അയാൾ പറഞ്ഞു വിശന്നു വന്ന എനിക്ക് ചോറു തരാൻ തോന്നിച്ചത് മഹാബലി തമ്പുരാനാണെന്നും അത് കൊടുത്തതിൽ ഒരുപാട് സന്തോഷമുണ്ടെന്നും.

ഞാൻ കൊടുത്ത കായ വറുത്തതും ശർക്കര പുരട്ടിയും ഒത്തിരി സ്നേഹത്തോടെ വാങ്ങി അയാൾ പോക്കറ്റിൽ വെച്ചു.

ഇറങ്ങാൻ നേരം എന്നോട് പറഞ്ഞു ഇനി ഞാൻ അടുത്ത വീടുകളിൽ എങ്ങും കയറുന്നില്ല..മനസ് നിറഞ്ഞു എന്ന് ..അടുത്ത തവണയും ഞാൻ വരും പക്ഷെ ഈ രൂപത്തിൽ ആയിരികില്ല എന്ന്.

എനിക്ക് ഉറക്കെ കരയാൻ തോന്നി. തിരിഞ്ഞു നോക്കി നോക്കി നന്ദിയോടെ പോകുന്ന ആ മനുഷ്യനെ ഞാൻ കൈ കൂപ്പി. അയാളും ഞാനും കരയുകയായിരുന്നു. എന്റെ കാബൂളിവാല..

യുക്തിയും ബോധവും എനിക്ക് കുറവായിരിക്കാം. എന്നാലും തിരുവോണ ദിവസം പുതിയ വീട്ടിൽ, ഞാൻ ആദ്യമായി സദ്യ വിളമ്പിയ ആ മനുഷ്യൻ ഓണത്തിന് വിരുന്നു വന്ന മഹാബലി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അറിയില്ല...
പക്ഷേ, ശാസ്ത്രത്തിനും യുക്തിക്കും അതീതമായ പലതുമുണ്ടല്ലോ..

എന്തോ ജീവിതത്തിൽ ആദ്യമായാണ് ഞാനിങ്ങനെ ഒരേ സമയം കരയുകയും ചിരികുകയും ചെയ്യുന്നത്...ഒരുപാട് സന്തോഷമുണ്ട്. ഓർക്കാൻ നല്ലൊരു ഓണം എനിക്ക് സമ്മാനിച്ച പേരറിയാത്ത എന്റെ കാബൂളിവാല. .......നിങ്ങൾക്ക് ഒരായിരം നന്ദി...


.

ഒരു പെരുമഴയുടെ പിറ്റേന്ന്

0
| Monday, September 2, 2013


വന്മരം തലതാഴ്ത്തി നിന്നൊരു വെന്മലർക്കുട ചൂടവേ,

ചെങ്കനൽ വഴി താണ്ടി വന്നൊരു കുഞ്ഞിളം കാറ്റായി ഞാൻ.

മിന്നി നില്ക്കുന്ന മഞ്ഞുതുള്ളികൾ കണ്ണിമയ്ക്കാതെ ചിമ്മവെ,

നെഞ്ചൊലിക്കുന്ന പുഞ്ചിരിത്തൂവലോന്നോഴിയാതെ മാഞ്ഞുപോയ്.


എൻ മടിതട്ടിലുമ്മ നേദിച്ച പിഞ്ചിളം കൊഞ്ചലാളവേ,

ഇന്നലെ പെയ്ത മാരിയിൽ നനഞ്ഞമ്മതൻ സ്നേഹലാളനം.

ചോർന്നൊലിക്കുന്ന വീടിനുള്ളിലെ നന്മ തേടി ഞാനലയവേ,

കാരിരുമ്പിൻ കരുത്തുള്ള കാമമെൻ-

മാറു പിളർന്നു ചുടുക്തമൂറ്റവെ,

കൊളിളക്കത്തിൻ മഹാപർവമേറ്റെന്റെ-

ചോരയുറഞ്ഞു മുടിനീട്ടി ആടവേ,

കണ്ണുനീരിന്റെ ഉപ്പിൽ കുതിർന്നോരെൻ-

ഗദ്ഗദത്തിന്റെ ചിറകടി ഉയരവേ,

അഴികളിൽ പൂട്ടിയ മഴയുടെ കൊഞ്ചലിൽ-

മധുരമാം ഓർമ്മകൾ നിറമാല ചാർത്തവേ,

അരുനാഭ മായാത്ത ആകാശമിന്നൊരു

പുതു കോടിമുണ്ട് നെയ്യുന്നു.

എന മനതാരിൽ മഴയുടെ മണമൊന്നു  പൂശിയൊരു

പുതുഭാവി മിന്നി മായുന്നു...  

   

തെളിവ്

1
| Sunday, June 16, 2013

 


"നിനക്ക് പേടിയുണ്ടോ ?"

കറുത്ത ആകാശത്തിന്റെ ചുവട്ടിൽ വീട്ടുവളപ്പിലെ കിണറിനടുത്തെക്കുള്ള പടികൾ അവൾ മെല്ലെ ഇറങ്ങി .

മൂങ്ങയും ചീവീടും താളത്തിൽ മൂളുന്നു.

ചങ്കിടിപ്പിന്റെ കാഹളം ...ഹൃദയം പെരുമ്പറ കൊട്ടുകയാണ് .

കഴിവതും മുറുക്കെ അവൾ ചുണ്ടു കൂട്ടിപ്പിടിച്ചു.

വീണ്ടും അതെ ചോദ്യം...ഒപ്പം ഒരുത്തരവും.

"നിനക്ക് പേടിയുണ്ടോ ? ഞാൻ നിർബന്ധിക്കില്ല".

അവൾ നിന്നു. കിണറിനടുത്തേക്കുള്ള ഓരോ കാലടിയിലും പായലു പിടിച്ച പടികളിലെ നനുത്ത സ്പർശം.

മെല്ലെ അവൾ പറഞ്ഞു.

ഇല്ല .ഞാനെന്തിനു പേടിക്കണം. ഫോണ്‍ അവൾ ചെവിയിലെക്കമർത്തി.

ഒരു തുള്ളി കണ്ണുനീർ  തൊണ്ടയിൽ നിന്നും പടർന്ന് കണ്ണിന്റെ കോണിലെത്തി പെയ്യാൻ വെമ്പുന്നു .

ഫോണിന്റെ അങ്ങേത്തലക്കൽ ആശ്വാസത്തിന്റെ നിശ്വാസം

അപ്പോൾ നിനക്ക് എന്നോടുള്ള സ്നേഹം അത്മാർത്ഥമാണല്ലേ?

ഞാൻ എന്ത് പറഞ്ഞാലും നീ കേൾക്കുമോ 

ഫോണിന്റെ അങ്ങേ തലയ്ക്കൽ വീണ്ടും സംശയം

അവൾ തന്റെ ഇടതു കൈമുട്ടിനു താഴെ വരഞ്ഞ നീണ്ട വരകൾ നോക്കി. കൈ അനക്കാൻ വയ്യാതെ ഫുൾ സ്ലീവ് ഡ്രസ്സ്‌ ഇട്ടു നീറ്റുന്ന മുറിവ്

 നിന്നോടുള്ള സ്നേഹത്തിന്റെ അടയാളമായി കണ്ട്  രണ്ടു ദിവസത്തേക്ക്  മനസമാധാനം തന്ന എന്റെ രക്തക്കുറിപ്പുകൾ

നിന്നോടുള്ള പ്രണയം തെളിയിക്കാനായി ഞാൻ കൈ മുറിച്ചപ്പോൾ പകര്ത്തിയ വീഡിയോ .

ചോര കിനിഞ്ഞു വന്ന മുറിവിന്റെ ആഴങ്ങളിൽ ഞാൻ വീണ്ടും ബ്ലേഡ് അമർത്തിയപ്പോൾ നീ പുഞ്ചിരിച്ചു

അത്രക്കെ ന്നെ ഇഷ്ടാനല്ലേ 

തിരക്കേറിയ ബസ്‌ സ്റ്റാൻഡിൽ വെച്ച് അലസമായി കുത്തിയ ഷാൾ നീക്കി കൈയിലെ  മുറിവിൽ എഴുതിയ ലിഖിതം ഞാൻ കാണിച്ചപ്പോൾ നീ പൊഴിച്ച കണ്ണുനീർ.

ആരും കാണാതെ കയർത്ത വാക്കുകൾ .

ഇത്രേം സ്നേഹമുള്ള നിന്നെ അവനു എങ്ങനെ ചതിക്കാൻ തോന്നിയെടാ ..പോട്ടെ...അതൊന്നും നീ ഇനി ഓർക്കണ്ട  ..ഇനി നിന്റെ കണ്ണ് നിറയാതെ ഞാൻ നോക്കും...അവന്റെ മുന്നിൽ നമ്മൾ നന്നായി ജീവിച് കാണിക്കും. അത് കണ്ട അവളും അവനും നീ കോ ഞാ ചാ ആകട്ടെ...

കണ്ണുനീരിൽ പുഞ്ചിരി നനഞ്ഞു കുതിർന്നു നാണിച്ചു ചിരിച്ചു .

പ്രണയത്തിനിനി തെളിവ് വേണ്ടെന്നു പറഞ്ഞ നീയാണോ ഇപ്പോൾ ഈ വെളുപ്പിന് 2 മണിക്ക് ഇങ്ങനെ ചോദിക്കുന്നത്

എടി ..നീ എന്നെ പറ്റി ക്കുവാണോ എന്താ ഒന്നും മിണ്ടാത്തത് ഞാൻ പറഞ്ഞലെന്തും കേള്ക്കുമെന്നു നീയല്ലേ പറയുന്നത് എങ്കിൽ ഇപ്പോൾ നീ കിണറ്റില്  ചാടണം. പറ്റുമോ നിനക്ക്...

എവിടുന്നു..നിനക്ക് എന്നോട് അത്മാര്തമായ സ്നേഹം ഉണ്ടെങ്കിൽ അല്ലെ....

ഞാൻ കിണറിനരികിലുണ്ട്  കൊച്ചേട്ടാ ..വിശ്വസിക്ക്

നിനെയോ ..വിശ്വസിക്കാനോ . നീ കള്ളിയാ ..എനിക്ക് വിശ്വാസം ഇല്ല എല്ലാ പെണ്ണുങ്ങളും ഇങ്ങനാ ..വെറും  അഭിനയങ്ങൾ . ആണ്‍കുട്ടികൾ വിശ്വസിച് സ്നേഹിക്കും...പെണ്ണുങ്ങള ചിരിച് ചതിക്കും...നീയും അങ്ങനാ ...പെണ്ണല്ലേ വർഗം

അവളുടെ  സകല ഞരമ്പുകളും വലിഞ്ഞ് മുറുകി

ചിലപ്പോൾ സ്നേഹം ഭ്രാന്തമാകാം. എന്നാൽ ഇതിനു സ്നേഹമെന്ന് പറയാൻ കഴിയില്ല . ഇതൊരു തരം മാനസിക വിഭ്രാന്തിയാണ് . 

ചിലർ അങ്ങനെയാ ..അവരെ എപ്പോളും വേദനിപ്പിച്ചു സ്നേഹിക്കണം. നമ്മളും കൂടെ വേദനിക്കണം . അത് കാണുന്നത് അവർക്കൊരു ആനന്ദമാണ് . ഒരു തരം ലോ ലെവൽ സാടിസം . 

ഹോ ..മടുത്തു 

അരുത് ...അവന് ഭ്രാന്താണ്..   മനസാക്ഷിയുടെ മുന്നറിയിപ്പുകൾ 

നിന്നോട് ഞാൻ അവസാനമായി ചോദിക്കുവാ ...എന്ത് തീരുമാനിച്ചു...

പിന്നെ ഒരു കാര്യം.. നിന്നെ ഞാൻ സ്നേഹിക്കുന്നതിന്റെ നാലിൽ ഒന്ന് പോലും നിനക്ക് എന്നോട് സ്നേഹമില്ല...അതൊക്കെ എന്റെ ബിൻസിയെ കണ്ട് പഠിക്കണമെടി ..അവളുടെ കാല് പിടിക്കാൻ ഉള്ള യോഗ്യത പോലും നിനക്ക് ഇല്ല . വെറുതെ അല്ല നിന്നെ അവൻ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത് .

നിനക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ അറിയില്ല .

അവൾ ഉച്ചത്തിൽ ശ്വാസം എടുത്തു ..

എന്ത് പെട്ടന്നാണ് സിറ്റുവേഷൻ മാറുന്നത് ..കുറച് മുന്നേ കണ്ട നീ അല്ല ഇന്നിപ്പോ . അവസരവാദി യാണ് നീ .

ഭയമല്ല തോന്നുന്നത് ..ഒരുതരം മുഷിഞ്ഞ മരവിപ്പാണ് . നീ പിടിച്ചു വാങ്ങിയ സ്നേഹം ഇപ്പോൾ ബാധ്യതയാകുന്നു.

സ്വയം പുച്ഛം തോന്നുന്നു. തല പെരുത്തിരികുന്നു ..ആരോടും ഒന്നും പറയാനും പറയാതിരിക്കാനും പറ്റുന്നില്ല. പ്രാർത്ഥിക്കണം എന്നുണ്ട്. എന്നോട് അവരുടെ ദൈവത്തെ മാത്രെ വിളിക്കാവു  എന്ന് അവൻ സത്യം ചെയ്യിപ്പിച്ചിട്ടുണ്ട് . എല്ലാ ദൈവങ്ങളോടും ചിലപ്പോൾ നമുക്ക് ദേഷ്യം തോന്നും..

സ്വയം വരുത്തി വെച്ച വിനയല്ലേ...അപ്പോൾ ആരും സഹായിക്കില്ല ...

ഇതൊക്കെ അവസാനിപ്പിക്കാൻ മരണമാണ് നല്ലത് ..

 ഞാൻ ചാടുവാൻ പോകുന്നു 

ഫോണ്‍ മുരളുന്നു .

എടി നീയെന്താ ഉറങ്ങുവാണോ ..ഓ ഉറക്കപ്പായയിൽ കിടക്കുന്ന നീ എങ്ങനാ കിണറ്റിൽ ചാടി മരിക്കുക..നീ ഒന്ന് ചത്ത് കാണിച്ചാൽ നിന്നെ ഞാൻ വിശ്വസിക്കാം ..

നീ കിണറ്റിൽ ചാടി മരിച്ചാൽ ഞാനും ഈ നിമിഷം ചാകും..ഞാൻ ഒറ്റ തന്തയ്ക്ക് ജനിച്ചതാ .എനിക്ക് ഒറ്റ വാക്കേയുള്ളൂ. നിന്നെപോലെ ഞാൻ വാക്ക്  മാറില്ല.

മടുത്തു..ഇനിയും ഈ അപമാനം സഹിക്കാൻ വയ്യ . കണ്ണില നിന്നുംപാറുന്ന തീജ്വാലകൾ ഉള്ളംകൈയാൽ തുടച്ച്  അവൾ കിണറിന്റെ പടിയിലിരുന്ന തൊട്ടി കിണറ്റിലേക്ക് ഇട്ടു . കഴിഞ്ഞ ഏതോ ദിവസങ്ങളിൽ അച്ഛൻ എണ്ണ ഇട്ട  കപ്പിയിലൂടെ  തൊട്ടി വഹിച്ച കയർ തെന്നി നീങ്ങി . വെള്ളം കോരി നിലത്തേക്ക് ഒഴിച്ച ശബ്ദം കേട്ടപ്പോൾ ഫോണ്‍ വീണ്ടും മുരണ്ടു .

അപ്പോൾ എന്റെ കൊച്ചുമോൾ സത്യാ പറഞ്ഞത് അല്ലെ...മിടുക്കി..ചക്കര ഉമ്മ 

ഇനി നീ കിണറിന്റെ അരമതിലിൽ കയറി നിക്ക് ...നമുക്ക് ഒരുമിച്ച് ചാടാം. ഒരുമിച്ച് മരിക്കാം നമുക്ക് ..

ഒരു തണുത്ത കാറ്റ് നിശബ്ദം അവളെ പിടിച്ച മാറ്റാൻ ശ്രമിച്ചു.അടുത്ത വീടിലെ വെള്ളപ്പൂച്ച തിളങ്ങുന്ന കണ്ണുരുട്ടി രംഗം വീക്ഷിക്കുന്നു.ഒരു കമ്പ് എടുത്തെറിഞ്ഞപ്പോൾ അതോടിപോയി കുളിമുറിയുടെ വശത്തുള്ള  ചരിപ്പിൽ എന്തോ വീഴുന്ന ശബ്ദം .

പഴയൊരു സ്റ്റീൽ ഗ്ലാസ്‌ ..നിൻറെ പ്രണയ പരീക്ഷണത്തിന്  എന്നെ വിഷം കുടിപ്പിച്ച ആദ്യ ഖട്ടത്തിന്റെ ഓർമ .അന്ന് നിന്നോടുള്ള സ്നേഹ സൂജകമായി  ഡി ഡി റ്റി കുടിക്കാൻ നിര്ബന്ധിച്ച അത്മര്തത .

ഇത് ക്ലാസ്സിൽ പറഞ്ഞപ്പോൾ നൈസു എന്നെ ഭീഷണിപ്പെടുത്തി. നിനക്കും വട്ട്‌ അവനും വട്ട് ..ഇനിയും ഇങ്ങനെ ഒക്കെ ആണേൽ നിന്റെ വീട്ടിൽ വിളിച്ചു പറയും ഞാൻ...

ചിന്തകളുടെ  അഭ്യാസങ്ങൾ 


നീ കേൾകുന്നുണ്ടോ ..കിണറിനു മുകളില്  കയറിയോ?


ദൈവമേ എനിക്ക് മരിക്കണ്ട....പക്ഷെ ഞാൻ ജീവിച്ചിരുന്നാൽ ഇവൻ എന്നെ സ്നേഹിച്ചു കൊല്ലാകൊല ചെയ്യും

ഞാൻ കണ്ണടച്ചു .

ഉം...   കയറുന്നു


പതിയെ കിണറിൽ കൈ വച്ചപ്പോൾ അടുക്കള വാതിലിൽ അച്ഛൻ

         നീയെന്തെടുക്കുവാ  കിണറിനടുത്ത്?

അല്ലച്ചാ...കാലൊന്നു കഴുകാൻ ഇച്ചിരി വെള്ളം കോരാൻ ..വാക്കുകൾ പതറുന്നു.

 

..കാല് കഴുകാൻ വെള്ളം ഞാൻ അപ്പുറത്ത് കോരി വെച്ചിട്ടുണ്ട്  .നട്ട പാതിരാത്രിയിലാ  ഒരു വെള്ളം കോരല് .പോയി കിടന്നു ഉറങ്ങേടി 


അവൾ ഒരു തോട്ടി വെള്ളം എടുത്ത് കാലിൽ  ഒഴിച്ചു ..പതുക്കെ വീട്ടിലേക്ക്  കയറി.

കട്ടിലിൽ അമ്മയുടെ ശുഷ്കിച്ച കൈകൾ  അവളെ അണച്ച് പിടിച്ചു .

എനിക്ക് കരച്ചില് വന്നു 

ഫോണ്‍ അപ്പോളും കട്ട്‌ ആയിട്ടില്ലയിരുന്നു . 

എടി നീ ഇന്നു രക്ഷപെട്ടു അല്ലേ ..അറിയാമെടീ എല്ലാം പ്ലന്നിംഗ് ആണ് 

ഫോണിന്റെ മറുതലക്കൽ അവളുടെ നിശബ്ദമായ കരച്ചിൽ  പ്രതിധ്വനിച്ചപ്പോൾ തന്റെ പുതിയ ബ്ലാക്ക്‌ ബെറി ഫോണിലെ അനേകം പോണൊഗ്രഫി ഫോൾഡറുകളിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞു .







കളിച്ചങ്ങാതി

6
| Thursday, January 24, 2013


പഴയൊരാ കതകിന്റെ വിടവുള്ള മൂലയില്‍ 
കടലാസു കഷണം തിരക്കേ 
ചിതല്‍ തിന്ന ജീവന്റെ മച്ചിലെ ഓര്‍മ്മകള്‍  
ചിറ കെട്ടി വീടു താങ്ങുന്നു.
അറിയാതെ ഓര്‍മതന്‍ പൊടിതിന്നു നില്‍ക്കവേ 
എന്‍ ചുരുള്‍മുടി കാറ്റിലൂര്‍ന്നു 
അതിലൂടെ ഭസ്മത്തിന്‍ മണമുള്ള തോഴന്റെ 
കളിചിരികളെന്നെ പുണര്‍ന്നു.

കരിയില വീണു വിതാനിച്ച മുറ്റത്തു 
നിലതെറ്റി ഞാനോടി വന്നു.
മണമുള്ള ചെമ്പകപൂങ്കുല നുള്ളി ഞാന്‍ 
മണിമാല എത്രയോ കോര്‍ത്തു.
അമ്പല മുറ്റത്തു കാവടി സദ്യ തന്‍ 
പച്ചക്കറികള്‍ നുറുക്കേ 
ശൂലം തറയ്ക്കുമെന്നെനോട്  ചൊല്ലിയ 
സ്വാമിയേ കണ്ടു ഭയക്കേ 
ഉത്സവ മോടിയില്‍ നീയെനിക്കായന്നു 
നക്ഷത്ര മേലാപ്പോരുക്കി 
എങ്കിലും പേടിയോടന്നു ഞാന്‍ ഒന്നാകെ 
വല്ലാതെയോടിയോളിച്ചു.

പിന്നീടു ശ്രീകോവിലിന്‍ മുന്നിലാടുന്ന മണികളില്‍ 
മുട്ടി ഞാന്‍ നിന്നെ വിളിച്ചു 
ത്രിമധുരം നുണഞ്ഞോന്നു ചിരിച്ചു നീ 
എന്നെ കൊതിപ്പിച്ചു നിന്നു.
അക്കഥ ചൊല്ലി പിണങ്ങി ഉറങ്ങിയ 
എന്നെ നീ വന്നന്നുണര്‍ത്തി
കുസൃതി കുടുക്കകള്‍ നമ്മളാ ക്ഷേത്രത്തി-
ലോടിക്കളിച്ചു നടന്നു.
ശൂലം തറയ്ക്കുന്ന ദുഷ്ടനാം സ്വാമി തന്‍ 
കാവടി ചൂരല്‍ മോഷ്ടിക്കെ 
കള്ളത്തരം ചെയ്തു കണ്ണിറുക്കിക്കൊണ്ടു 
പുഞ്ചിരി തൂകി  നീ നില്‍ക്കെ 
ഉള്ളില്‍ നിറഞ്ഞൊരു സന്തോഷത്താലേ ഞാന്‍ 
നിന്നെ പുണര്‍ന്നുമ്മ വച്ചു .
അന്നാദ്യമായിട്ടു നീയെന്റെ തോഴനെ-
ന്നഭിമാനമെന്നില്‍ നിറഞ്ഞു.

അന്നു തൊട്ടിങ്ങോട്ടു എപ്പോളുമെന്നൊപ്പം 
നീ എന്റെ കൂട്ടിനു വന്നു.
പിന്നെപ്പോളോ  എന്റെ കൈകളില്‍ നിന്നു നീ 
അറിയാതെ തെന്നി പറന്നു.

ഇന്നിപ്പോഴാ കാര്യമോര്‍ത്തു കിടക്കുമ്പോള്‍ 
കണ്ണൊക്കെ നിറയുന്നതെന്തോ.
കപടമാം ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ 
വളരേണ്ടതില്ലെന്നു തോന്നി.

കറ തിന്ന ഭിത്തിയില്‍ പുഴു തിന്ന ഇല കൊണ്ടു 
പല കുറി ഞാന്‍ വരച്ചിട്ടു 
നിറമുള്ള ജീവിതം കറതിന്നു പോയതില്‍ 
വേദനിക്കാനത്രയുണ്ടോ?
 

അത്തറും മൊഹബത്തും

6
| Thursday, January 10, 2013

                         

അങ്ങനെ അവര്‍  ഒളിച്ചോടി....

ചാറ്റമഴയുടെ കൂര്‍ത്ത മുനകള്‍ മുഖത്തേക്ക് തറച്ചു കയറിയപ്പോഴും ചീറിപ്പായുന്ന ബൈക്കില്‍ അവളവനെ മുറുകെ പിടിച്ചിരുന്നു...

ഉപ്പയുടെ ചൂല് കൊണ്ടുള്ള താടനമേറ്റ് മുറിഞ്ഞ അവളുടെ മേലാകെ വല്ലാതെ നീറുന്നുണ്ടായിരുന്നു...

ശരീരത്തിന്റെ നീറ്റല്‍  സഹിക്കാം...മനസിന്റെയോ...???

ഉപ്പ അടിച്ചപ്പോള്‍ തടസ്സം പിടിച്ച ഉമ്മയുടെ കൈയില്‍ തറഞ്ഞു കയറിയ ഈര്‍ക്കില്‍ അവളുടെ ഹൃദയത്തിലായിരുന്നു മുറിവുണ്ടാക്കിയത്..

അടിയുടുപ്പുകള്‍ക്കിടയില്‍ ഒളിച്ചു വച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഉമ്മ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല..അതിനാല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അവനിലെത്തിക്കൊണ്ടിരുന്നു..   


മരണശൈയ്യയില്‍ കിടക്കുന്ന ഉമ്മുമ്മയുടെ കാല്‍ തൊട്ട്  വന്ദിച്ചപ്പോള്‍ അടക്കി വെച്ച തേങ്ങല്‍ പുറത്തു വീഴുമോ എന്നവള്‍ ഭയന്നു ...

യാ അള്ളാ ...

 

നിറഞ്ഞു കവിയുന്ന കണ്ണുകള്‍ തുടക്കുമ്പോള്‍ അവനവളെ സമാധാനിപ്പിച്ചു..

നിനക്കു ഞാനില്ലേ....


ഒരു കുപ്പി വിഷത്തില്‍ തീര്‍ക്കാവുന്ന പ്രശ്നമാണിത്....അവള്‍ സമാധാനിക്കാന്‍ ശ്രമിച്ചു..

തണുപ്പ് കൊണ്ടും പേടി കൊണ്ടും അവളുടെ  ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു....


എനിക്ക് ജീവിക്കേണ്ട....മരിച്ചാല്‍ മതി ....അവളുടെ മനസ്സില്‍ ആരോ മന്ത്രിച്ചുകൊണ്ടിരുന്നു....


മഴപെയ്തു വഴുക്കി കിടക്കുന്ന റോഡിലൂടെ അതിവേഗത്തില്‍ പോകുന്ന അവരുടെ ബൈക്ക് ഇടക്കിടക്ക് പാളുന്നുണ്ടായിരുന്നു...  

പ്രണയത്തിന്റെ ശക്തിയില്‍ അതി ശക്തനായി മാറിയ സാഹസികനായ അവളുടെ കാമുകന്‍ ഒരു വിജയിയെപ്പോലെ നിവര്‍ന്നിരുന്നു....


പെട്ടന്ന് വണ്ടി നിര്‍ത്തി സ്നേഹപൂര്‍വ്വം ഒരു കുപ്പി അവള്‍ക്കവന്‍ സമ്മാനിച്ചു ....

"എന്താ ഇത്...വിഷമാണോ?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു...


ഒരു കുഞ്ഞു പുഞ്ചിരിയുമായ് അവന്‍ പറഞ്ഞു.." ഏയ്...അല്ല... ഇത് perfume ആണു . imported quality..നമ്മള്‍ ഒരു വഴിക്ക് പോകുന്നതല്ലേ...അപ്പോള്‍ ഒരുപക്ഷെ കുളിക്കാന്‍ ഒന്നും പറ്റിയില്ലെങ്കിലോ?...അതാ ഞാന്‍ ഇത് എടുത്തത് ..."


ധീരനായ കാമുകന്റെ ദീര്‍ഖവീക്ഷണത്തോടെയുള്ള പ്രവര്‍ത്തി കണ്ട സ്തബ്ധയായി അവള്‍ തരിച്ചു നിന്നു. മഴത്തുള്ളികള്‍ പെരുമഴയായി പെയ്ത് അവളെ പതുക്കെ പതുക്കെ അലിയിച്ചു കളയുംമ്പോളും  പെര്‍ഫ്യുമിന്റെയും അത്തറിന്റെയും വെത്യാസം പറയുന്ന ഒരു നേര്‍ത്ത ശബ്ദം മാത്രം  അവശേഷിപ്പിച്ചു ഒരു പ്രണയം അവളുടെ മുന്നിലൂടെ തെറിച്ചു പോയി...





 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine