പഴയൊരാ കതകിന്റെ വിടവുള്ള മൂലയില്‍
കടലാസു കഷണം തിരക്കേ
ചിതല്‍ തിന്ന ജീവന്റെ മച്ചിലെ ഓര്‍മ്മകള്‍
ചിറ കെട്ടി വീടു താങ്ങുന്നു.
അറിയാതെ ഓര്‍മതന്‍ പൊടിതിന്നു നില്‍ക്കവേ
എന്‍ ചുരുള്‍മുടി കാറ്റിലൂര്‍ന്നു
അതിലൂടെ ഭസ്മത്തിന്‍ മണമുള്ള തോഴന്റെ
കളിചിരികളെന്നെ പുണര്‍ന്നു.
നിലതെറ്റി ഞാനോടി വന്നു.
മണമുള്ള ചെമ്പകപൂങ്കുല നുള്ളി ഞാന്‍
മണിമാല എത്രയോ കോര്‍ത്തു.
അമ്പല മുറ്റത്തു കാവടി സദ്യ തന്‍
പച്ചക്കറികള്‍ നുറുക്കേ
ശൂലം തറയ്ക്കുമെന്നെനോട് ചൊല്ലിയ
സ്വാമിയേ കണ്ടു ഭയക്കേ
ഉത്സവ മോടിയില്‍ നീയെനിക്കായന്നു
നക്ഷത്ര മേലാപ്പോരുക്കി
എങ്കിലും പേടിയോടന്നു ഞാന്‍ ഒന്നാകെ
വല്ലാതെയോടിയോളിച്ചു.
പിന്നീടു ശ്രീകോവിലിന്‍ മുന്നിലാടുന്ന മണികളില്‍
മുട്ടി ഞാന്‍ നിന്നെ വിളിച്ചു
ത്രിമധുരം നുണഞ്ഞോന്നു ചിരിച്ചു നീ
എന്നെ കൊതിപ്പിച്ചു നിന്നു.
അക്കഥ ചൊല്ലി പിണങ്ങി ഉറങ്ങിയ
എന്നെ നീ വന്നന്നുണര്‍ത്തി
കുസൃതി കുടുക്കകള്‍ നമ്മളാ ക്ഷേത്രത്തി-
ലോടിക്കളിച്ചു നടന്നു.
ശൂലം തറയ്ക്കുന്ന ദുഷ്ടനാം സ്വാമി തന്‍
കാവടി ചൂരല്‍ മോഷ്ടിക്കെ
കള്ളത്തരം ചെയ്തു കണ്ണിറുക്കിക്കൊണ്ടു
പുഞ്ചിരി തൂകി നീ നില്‍ക്കെ
ഉള്ളില്‍ നിറഞ്ഞൊരു സന്തോഷത്താലേ ഞാന്‍
നിന്നെ പുണര്‍ന്നുമ്മ വച്ചു .
അന്നാദ്യമായിട്ടു നീയെന്റെ തോഴനെ-
ന്നഭിമാനമെന്നില്‍ നിറഞ്ഞു.
അന്നു തൊട്ടിങ്ങോട്ടു എപ്പോളുമെന്നൊപ്പം
നീ എന്റെ കൂട്ടിനു വന്നു.
പിന്നെപ്പോളോ എന്റെ കൈകളില്‍ നിന്നു നീ
അറിയാതെ തെന്നി പറന്നു.
ഇന്നിപ്പോഴാ കാര്യമോര്‍ത്തു കിടക്കുമ്പോള്‍
കണ്ണൊക്കെ നിറയുന്നതെന്തോ.
കപടമാം ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍
വളരേണ്ടതില്ലെന്നു തോന്നി.
കറ തിന്ന ഭിത്തിയില്‍ പുഴു തിന്ന ഇല കൊണ്ടു
പല കുറി ഞാന്‍ വരച്ചിട്ടു
നിറമുള്ള ജീവിതം കറതിന്നു പോയതില്‍
വേദനിക്കാനത്രയുണ്ടോ?







