ഓര്‍മ്മകളുടെ ജല്പനങ്ങള്‍

| Monday, January 7, 2013


സങ്കല്‍പ്പങ്ങളാല്‍ മെനഞ്ഞെടുത്ത ഈ ചില്ലു കൂടാരം എന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു.. തൊണ്ടയില്‍ ആഴ്ന്നിറങ്ങിയ ഒരു വേദനയുള്ള ഞരക്കം ..  
ഇടക്കിടക്ക് ഒരോര്‍മ്മപ്പെടുത്തലായി കത്തിക്കയറുന്ന വിങ്ങലുകള്‍...
എന്തിനെന്നറിയാതെ നിറയുന്ന കണ്ണുകള്‍....

പളുങ്കു കൊണ്ടുള്ള ദൈവത്തിന്റെ രൂപം എന്നെ നോക്കി വല്ലാതെ ചിരിക്കുന്നു.
എന്റെ നിഷ്കപടതയുടെ മുഖംമൂടി വലിച്ചു ചീന്താനുള്ള പുറപ്പാടിലാണോ അത്.
പത്തായത്തിനകത്തെ  ക്ലാവ് പിടിച്ച ഓട്ടുരുളികളില്‍ പെറ്റുപെരുകിയ എലികളും തട്ടിന്‍പുറത്തെ ഉണങ്ങിയ ചിരട്ടകള്‍ തട്ടി നടക്കുന്ന മരപ്പട്ടികളും എന്റെ നിശബ്ദതയുടെ സംഗീതത്തെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. 

ഓര്‍മ്മകള്‍...സമാധാനം കെടുത്തുന്ന ഓര്‍മ്മകള്‍....

അവിടവിടെ പൊട്ടിയ ഓടിന്റെ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ നിറം മങ്ങിയ തറയില്‍ തളം കെട്ടി നില്‍ക്കുന്നു...
റേഡിയോയിലെ പ്രഭാതഭേരിയില്‍ കുതിര്‍ന്ന ചാറ്റമഴ യുടെ മൂളക്കം  ചരല്‍ വിരിച്ച നടപ്പാത കടന്നു പോവുകയാണ്....
കല്ല്‌ നിറഞ്ഞ വീട്ടുമുറ്റത്ത്  രണ്ടു ചട്ടി മണ്ണ്  പൊത്തി,  ഉമ്മറത്തെ തൈതെങ്ങിന്റെ ഈര്‍ക്കിലിയില്‍ വേലിക്കല്‍ നില്‍കുന്ന ചെമ്പരത്തിപൂവിനാല്‍ കുട കുത്തി ഓടിനടന്ന ബാല്യം...
എന്റെ പൂക്കളത്തില്‍ ഇലകളായിരുന്നു പൂക്കളെക്കാളേറെ ഉണ്ടായിരുന്നത്.. 

വാടാത്ത ഇലകള്‍....
നിറമുള്ള ഇലകള്‍....
മണമുള്ള ഇലകള്‍.....

ഓണപ്പരീക്ഷ  കഴിഞ്ഞെത്തിയാലുടനെ തൊട്ടാവാടി പടര്‍ന്നുകിടക്കുന്ന പടിഞ്ഞാറേ തൊടിയിലേക്ക്‌ പൂകൂടയുമായുള്ള എന്റെ പ്രയാണം... ഒരു നീണ്ട വടിയുമായി വീടിന്റെ ഇറയത്തിരുന്നു അമ്മുമ്മ പാടുന്ന പാട്ടുകള്‍...വീടിനു തൊട്ടു മുന്നിലുള്ള കാവിനെപ്പറ്റിയുള്ള പേടിപ്പികുന്ന കഥകള്‍ കേട്ട് ഉറങ്ങാതെ കിടന്ന രാത്രികള്‍....

പോയി....എല്ലാം പോയി......
നഷ്ടങ്ങളുടെ കണക്കുകളില്‍ ശിഷ്ടമില്ലാതായ കുറെ വാടിയ തുമ്പപൂക്കള്‍ അവശേഷിപ്പിച്ചു അത് പോയി...

കാവും കുളവും വിളക്കുവെപ്പും സര്‍പ്പംതുള്ളലും എല്ലാം മങ്ങിയ ഒരു ഓര്‍മയാകുന്നു....
ജീവിതത്തില്‍ എന്തെല്ലാം നഷ്ടങ്ങള്‍....
നഷ്‌ടമായ പലതും എന്നെക്കുമായാണ്  പോയത്....
ഇനിയും എത്രയോ നഷ്ടങ്ങള്‍ വരാനിരിക്കുന്നു....

ഒറ്റപെടലിന്റെ കനത്ത ഇരുട്ടില്‍ ഖനീഭവിച്ചുപോയ മൗനം ഇടക്കിടക്ക് കര്‍പ്പൂരാഴിയായി കത്തിക്കാളുമ്പോള്‍, അസഹനീയമായ വേദനയില്‍ കുതിര്‍ന്ന  നിശബ്ധമായ ഒരു കരച്ചിലില്‍  ഞാന്‍ എന്നെ തളച്ചിടുന്നു...

ചിന്തകള്‍ വല്ലാതെ കുത്തിത്തികട്ടുമ്പോള്‍ ഞാനൊരു ലക്ഷ്യമില്ലാതലയുന്ന സഞ്ചാരിയാകും.
ഭൂതവും ഭാവിയും കലക്കിമറിച്ച എന്റെ വര്‍ത്തമാനത്തിലൂടെ  തെറ്റിപോയ വഴി തേടി  നടക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്നെ തുറിച്ചു നോക്കുന്നത്...
എന്റെ ശാന്തിയുടെ വെളുത്ത കൂടാരം എവിടെയന്നറിയാതെ ഇരുട്ടില്‍ തിരക്കി ഞാന്‍ അലഞ്ഞു നടക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണെന്നെ  കറന്റടിപ്പിക്കുന്നത്...
സത്യം അറിഞ്ഞു പൊട്ടിച്ചിരിച്ചതിനാലാണോ  നിങ്ങള്‍ എന്നെ ചങ്ങലയില്‍ പൂട്ടിയിടുന്നത്....
ഓര്‍മകളില്‍ ജീവിച്ചതിനാലാണോ നിങ്ങളെന്നെ ഭ്രാന്തിയാക്കിയത് ....

മടുത്തു....

അസ്വസ്ഥതകള്‍ ആവര്‍ത്തിച്ചു പാടുന്ന താരാട്ട് കേട്ട് ഉറങ്ങുവാന്‍ കൊതിയാകുന്നു....
സ്വസ്ഥമായി ..
അങ്ങനെ....അങ്ങനെ...

3 comments:

{ Kiran Purushothaman } at: January 10, 2013 at 2:29 AM said...

കാവും കുളവും വിളക്കുവെപ്പും സര്‍പ്പംതുള്ളലും എല്ലാം മങ്ങിയ ഒരു ഓര്‍മയാകുന്നു....
ജീവിതത്തില്‍ എന്തെല്ലാം നഷ്ടങ്ങള്‍....
നഷ്‌ടമായ പലതും എന്നെക്കുമായാണ് പോയത്....
ഇനിയും എത്രയോ നഷ്ടങ്ങള്‍ വരാനിരിക്കുന്നു....
ഓര്‍മ്മകള്‍ എന്നും വേദനയാണ് സമ്മാനിക്കുന്നത്
എന്നോ എപ്പോളോ ഇ ഒറ്റപ്പെടലിനെ സ്നേഹിക്കാന്‍ തുടങ്ങി ഞാന്‍ ഇപ്പോള്‍ ഏകാന്തത എനിക്ക് സന്തോഷമാണ് നല്‍കുന്നത്

{ jittin } at: January 10, 2013 at 2:39 AM said...

Mmm.....ninte language nallethannu....chinthayimmm...,,hmm....ormakale thalolikunnaven brhanthanakapedumale?...ormakalude brhanthinnu oru sughamundu....!....parayanavathe ethoru vingallumayi njannum alayikannu......machinpurathe elliyim,marapattiyimannu enikum ormakall..mm...pakshe aa pazhamayide gentham enne mathupidipikunnu....i really love it, also dis one.....my dear........keep it up my dear....swt hrt...!...

{ Farsana Jaleel } at: January 10, 2013 at 3:30 AM said...

kazhinju poya kaalangal orikalum thirichu kittilla..athinaayi nammal ethra kothichaalum..athanu kuttikaalam..

Post a Comment

 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine